വടക്കാഞ്ചേരി: വഴിയോര വിശ്രമ കേന്ദ്രം വിസ്മൃതിയിലേക്ക്. വടക്കാഞ്ചേരി പുഴയോരത്തിനു സമീപത്തുള്ള വഴിയോര വിശ്രമ കേന്ദ്രമാണ് എടുത്തുമാറ്റുന്നത്. പുഴയ്ക്കു കുറുകെനിർമിക്കുന്ന പുതിയ പാലം വരുന്നതോടെ വിശ്രമകേന്ദ്രം ഓർമയാകും.
കെ.എസ്. നാരായണൻ നമ്പൂതിരി എംഎൽഎ ആയിരിക്കുമ്പോൾ 1990 ലാണ് പട്ടികജാതി ക്ഷേമം ലക്ഷ്യമിട്ട് വിപണന കേന്ദ്രം അടക്കം വിശ്രമ കേന്ദ്രം ആരംഭിച്ചത്. എന്നാൽ കെട്ടിടത്തിൽ തുടങ്ങിയ വ്യാപാരങ്ങൾ മുഴുവൻ നഷ്ടത്തിലായതോടെ കെട്ടിടം പൂട്ടിയിടുകയും ചെയ്തു. തുറന്നു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നിരവധി പ്രക്ഷോപങ്ങൾ നടത്തി. എന്നാൽ ഒന്നും ഫലം കണ്ടില്ല. ഒടുവിൽ സാമൂഹ്യ ദ്രോഹികൾ അവരുടെ താവളമാക്കിമാറ്റി. വഴിയോര കച്ചവടകാർ കൈയേറി കച്ചവടം ആരംഭിച്ചു.
നഗരസഭയുടെ കുടുംബശ്രി അടക്കമുള്ളവരുടെ സംരംഭങ്ങൾ തുടങ്ങിയെങ്കിലും ഫലം കണ്ടില്ല. ഇപ്പോൾ പാലം നിർമാണ കരാറുകാരന്റെ തൊഴിലാളികളുടെ താമസ സ്ഥലമാണ്. നിർമിതി നിർമിച്ച കെട്ടിടം ഇന്നും നല്ല ഉറപ്പോടെയാണ് നിലകൊള്ളുന്നത്. അടുത്തദിവസം കെട്ടിടം ചരിത്രത്തിലേക്ക് വഴി മാറും.